വൈദ്യുത പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം… പൊലീസിൻ്റെ അനാസ്ഥ കാരണം…
റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പൊലീസിൻ്റെ അനാസ്ഥയും കാരണമായെന്ന് പരാതി. ബൈക്ക് അപകടത്തിന് കാരണമായ വൈദ്യുതി പോസ്റ്റ് പുലർച്ചെ റോഡിലേക്ക് വീണതിന് ശേഷം ആദ്യം ഒരു അപകടമുണ്ടായിരുന്നു. അമ്പലത്തിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനായ പൂജാരിയാണ് പുലർച്ചെ റോഡിൽ വീണ പോസ്റ്റിൽ തട്ടി അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് രണ്ട് പൊലീസ് വാഹനങ്ങൾ സ്ഥലത്തെത്തി. എന്നാൽ റോഡിന് കുറുകെ കിടക്കുന്ന പോസ്റ്റ് മാറ്റുകയോ മുന്നറിയിപ്പ് ബോർഡ് വെക്കുകയോ ചെയ്യാതെ പൊലീസ് മടങ്ങി. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
പുലർച്ചെ 3.18 നും 3.57നുമാണ് പൊലീസ് സംഘങ്ങൾ പോസ്റ്റ് വീണ സ്ഥലത്ത് എത്തിയത്. ബൈക്ക് യാത്രികൻ അബ്ദുൽ ഗഫൂർ അപകടത്തിൽപ്പെട്ടത് പുലർച്ചെ 4. 19 നാണ്. റോഡിൽ വീണ പോസ്റ്റ് പൊലീസ് നീക്കം ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ, ഫയർഫോഴ്സിനെയും കെഎസ്ഇബിയെയും അപ്പോൾ തന്നെ വിവരമറിയിച്ചിരുന്നുവെന്ന് പൊലീസ് വിശദീകരണം. പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യമായ എണ്ണം പൊലീസുകാർ വാഹനങ്ങളിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് വിശദീകരിക്കുന്നു. പോസ്റ്റ് റോഡിലേക്ക് മറിഞ്ഞ ശേഷം മുന്നറിയിപ്പ് സംവിധാനം പോലും റോഡിൽ സ്ഥാപിക്കപ്പെട്ടില്ലെന്നതാണ് ശ്രദ്ധേയമാണ്. കുമ്പളം നോർത്ത് മുസ്ളിം പള്ളിയിലെ ഉസ്താദായിരുന്നു മരിച്ച അബ്ദുൽ ഗഫൂർ. രാവിലെ പള്ളിയിലേക്ക് എത്തുമ്പോഴായിരുന്നു അപകടമുണ്ടായത്.