അനീഷ പറഞ്ഞ സ്ഥലത്ത് ഒരടി താഴ്ചയിൽ കുഴിച്ചു..നിർണായകം കണ്ടെത്തൽ…
പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കുഴികൾ തുറന്നുള്ള പരിശോധന ആരംഭിച്ചു. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് കുഴികൾ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിക്കുന്നുണ്ട്. അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങൾ കിട്ടിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.
ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. ഇളക്കിയ മണ്ണും, അസ്ഥികളുമടക്കം കിട്ടിയ അവശേഷിപ്പുകൾ ഫോറൻസിക് സംഘം കവറിൽ ശേഖരിച്ചു. 2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്. 2020 ലാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭവിനുമായി അനീഷ പ്രണയത്തിലാവുന്നത്. തുടർന്നാണ് 2021 ൽ ആദ്യ ആൺകുഞ്ഞിനെ പ്രസവിക്കുന്നത്. ഈ കുട്ടിയെ അനീഷ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിടുകയായിരുന്നു.
പിന്നീടും ഭവിനുമായി ബന്ധം തുടർന്ന അനീഷ 2024-ൽ വീണ്ടും ഗർഭിണിയായി. ഏപ്രിൽ 24-ന് വീട്ടിലെ മുറിയിൽ വെച്ച് രണ്ടാമതും ഒരാൺകുഞ്ഞിനെ പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ ആമ്പല്ലൂരിലെ വീട്ടുപറമ്പിൽ ഇരുവരും ചേർന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നാണ് അനീഷ നൽകിയ മൊഴി. രണ്ടിടത്തും പൊലീസും ഫോറൻസിക് സംഘവും പരിശോധന തുടരുകയാണ്. അനീഷയുമായി ഇന്നലെ പൊലീസ് സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബവിനെയും അനീഷയെയും ഇന്നു കോടതിയിൽ ഹാജരാക്കും.