കൊതുകിനെ തുരത്തണോ?.. ഈ ചെടികൾ വീട്ടിൽ വളർത്തൂ…
മഴക്കാലം കൊതുകിന്റെ കാലമാണ്. ചിലര്‍ക്ക് കൊതുകിന്റെ കടി കൂടുതല്‍ കിട്ടാറുണ്ട്. വീട്ടിൽ മറ്റെന്തിനേക്കാളും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് കൊതുകിന്റെ ശല്യം. കൊതുകിനെ തുരത്താൻ പലതരം മാർഗ്ഗങ്ങൾ സ്വീകരിച്ച് മടുത്തെങ്കിൽ ഈ ചെടികൾ വളർത്തി നോക്കൂ. ഈ ചെടികൾ കൊതു വരുന്നതിനെ തടയുന്നു. ചെടികൾ ഏതൊക്കെയെന്ന് നോക്കാം…
ഇഞ്ചിപ്പുല്ല്
ഇഞ്ചിപ്പുല്ലിന്റെ ഗന്ധം കൊതുകുകൾക്ക് മറികടക്കാൻ സാധിക്കില്ല. ഈ ചെടി നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് വളർത്തേണ്ടത്. ജനാലയുടെ വശങ്ങളിലും, ബാൽക്കണിയിലുമൊക്കെ ഇത് എളുപ്പത്തിൽ വളർത്താം.
പുതിന
പുതിന ഇല്ലാത്ത അടുക്കള തോട്ടങ്ങൾ കാണാൻ സാധിക്കില്ല. പുതിനയുടെ ഗന്ധം കൊതുകുകൾക്ക് പറ്റാത്തവയാണ്. അതിനാൽ തന്നെ ഇത് വളർത്തിയാൽ ആ പരിസരത്ത് കൊതുകുകൾ വരില്ല. അടുക്കള പ്രതലങ്ങളും വീടും പുതിന എണ്ണ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാനും സാധിക്കും. ഇത് കൊതുക് വരുന്നതിനെ തടയുന്നു.
യൂക്കാലിപ്റ്റസ്
വീടിനകത്തും യൂക്കാലിപ്റ്റസ് ചെടി വളർത്താൻ സാധിക്കും. ബാൽക്കണി അല്ലെങ്കിൽ വെളിച്ചം കൂടുതൽ ലഭിക്കുന്ന സ്ഥലത്ത് യൂക്കാലിപ്റ്റസ് നട്ടുവളർത്താം. ഇതിന്റെ ഗന്ധം സഹിക്കവയ്യാതെ കൊതുകുകൾ വരില്ല.
ജമന്തി
കാണാൻ ഭംഗിയുള്ള ചെടിയാണ് ജമന്തി. ഇതിന്റെ ഗന്ധം കൊതുകുകൾക്ക് അതിജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ജമന്തി വീട്ടിലുണ്ടെങ്കിൽ കൊതുകിന്റെയും പ്രാണികളുടെയും ശല്യം ഉണ്ടാവില്ല.
ഭ്രിംഗരാജ്
പൂച്ചകൾക്ക് ഇഷ്ടമുള്ള ചെടിയാണ് ഭ്രിംഗരാജ്. കൂടാതെ കൊതുകിനെ തുരത്താനും ഈ ചെടി നല്ലതാണ്. ഗ്ലാസ് വെയ്സിലോ, ജാറിലോ ഭ്രിംഗരാജ് വളർത്താൻ സാധിക്കും.