പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ… ആരോഗ്യനില മെച്ചപ്പെട്ടാൽ…

pc-george-under-the-supervision-of-doctor-if-the-health-condition-improves-transfer-to-jail-will-be-decided

മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. അതേസമയം അടുത്ത ദിവസം പി സി ജോർജ് വീണ്ടും ജാമ്യപേക്ഷ നൽകും. 

ഹൈക്കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതോടെ പി സി ജോർജ് ഇന്നലെ പൊലീസിൽ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷൻ പരിസരത്തും പി സി ജോർജിന്റെ വീട്ടു പരിസരത്തും പൊലീസും ബിജെപി പ്രവർത്തകരും നിറഞ്ഞിരുന്നു.  അതിനിടയിൽ രാവിലെ 10.50ന് പി.സി ജോർജിന്റെ മരുമകൾ അടക്കം അഭിഭാഷകർ ഈരാറ്റുപേട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി. കോടതി കയറുന്നതിന് തൊട്ടു മുൻപ് പ്രവർത്തകർക്കിടയിലൂടെ പി സി ജോർജും ഇവിടേക്ക് വന്നു.

പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എന്നാൽ കോടതി മുൻകാല വിദ്വേഷ പരാമർശങ്ങൾ കൂടി കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് തീരുമാനിച്ചു. തുടർന്ന് വൈകിട്ട് 6 മണി വരെ പി സി ജോർജിനെ ഈരാറ്റുപേട്ട പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. കോടതിയിൽ നിന്ന് വൈദ്യപരിശോധനക്ക് ഇറങ്ങിയ പി സി ജോർജ് മാധ്യമങ്ങളോട് ക്ഷുഭിതനായി. വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് പിസിയുടെ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് വന്നത്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ പിസി ജോർജിനെ ചോദ്യം ചെയ്തു. 

Related Articles

Back to top button