പത്തനംതിട്ട പീഡനകേസ്…ഇതുവരെ അറസ്റ്റിലായത് 44 പ്രതികൾ….ഇനി പിടിയിലാകാനുള്ളത്…അറസ്റ്റിലായവരിൽ…
പത്തനംതിട്ട: കേരളത്തെ നടുക്കിയ പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ 44 പ്രതികൾ അറസ്റ്റിലായതായി ഡിഐജി അജിത ബീഗം. ഇനിയും 15 പേർ കൂടി പിടിയിലാകാനുണ്ട്. ഇവരിൽ രണ്ട് പ്രതികൾ വിദേശത്താണ്. ഇവരെ പിടികൂടാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അജിത ബീഗം പറഞ്ഞു.കേസിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും അജിത ബീഗം വ്യക്തമാക്കി.
പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയിൽ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായിട്ടുണ്ട്. പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.