കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ലീഗുകാരിയായ ഹസീനയെ പുറത്താക്കി, ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി… അങ്ങനെ ആദ്യമായി…

ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച് മുതിര്‍ന്ന സിപിഐഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരൻ നടത്തിയ പ്രസംഗം വിവാദത്തില്‍. പനമരത്ത് യുഡിഎഫ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും എ എൻ പ്രഭാകരൻ്റെ പ്രസംഗത്തിൽ പറയുന്നുണ്ട്.

‘കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ലീഗുകാരിയായ ഹസീനയെ പുറത്താക്കി, ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി. അങ്ങനെ ആദ്യമായി പ്രസിഡന്റായ മുസ്ലീം വനിതയെ മറിച്ചിട്ടുവെന്ന ചരിത്രപരമായ തെറ്റാണ് ലീഗ് ചെയ്തിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരും’, പ്രഭാകരന്‍ പറയുന്നു. പനമരത്ത് അവിശ്വാസത്തിലൂടെ സിപിഐഎം ജനപ്രതിനിധിയ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് സിപിഐഎം നേതാവിന്റെ പരാമര്‍ശം. അവിശ്വാസ പ്രമേയത്തിൽ സിപിഐഎം പ്രതിനിധിക്ക് സ്ഥാനം നഷ്ടമായതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രതിനിധിയായ ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പനമരം പഞ്ചായത്തിലെ 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നും വിജയിച്ച അംഗമാണ് ലക്ഷ്മി ആലക്കമറ്റം. നേരത്തെ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബെന്നി ചെറിയാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ലക്ഷ്മി വിജയിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 12 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടും ലഭിച്ചിരുന്നു.

സംഭവങ്ങൾക്ക് പിന്നാലെ ബെന്നി ചെറിയാനെതിരെ ആക്രമണം ഉണ്ടായിരുന്നു. സിപിഐഎം അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ബെന്നി ചെറിയാൻ്റെ പരാതി. പരാതിയിൽ സിപിഐഎം പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പൊലീസ് നടപടിക്കെതിരെ സിപിഐഎം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Related Articles

Back to top button