ബസും കാറും കൂട്ടിയിച്ച് അപകടം… കാർ യാത്രികന് ദാരുണാന്ത്യം…

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികന് ദാരുണാന്ത്യം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നടുവണ്ണൂർ സ്വദേശി സത്യൻ(55) ആണ് മരിച്ചത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന തിക്കോടി സ്വദേശി സുർജിത്(38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു(53) എന്നിവർ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
താമരശ്ശേരി പെരുമ്പള്ളി കരുവൻകാവിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ ദേവാലയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസും കാറും സമീപത്തുണ്ടായിരുന്ന ഒരു മതിലിൽ ഇടിച്ചാണ് നിന്നത്. സത്യന്റെ ഭാര്യ: രജിത. മക്കൾ: ആര്യ, സൂര്യ, രോഹിത്.



