കാർ കത്തി ഒരാൾ മരിച്ച സംഭവം…പമ്പിൽ നിന്ന് സിബി പെട്രോൾ വാങ്ങി…
തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പൊലീസ്. നിർത്തിയിട്ട കാറിൽ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുമാരമംഗലം സ്വദേശി സിബിയാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പെരുമാങ്കണ്ടം നരക്കുഴിയിലെ ഒഴിഞ്ഞ പറമ്പിലാണ് നിർത്തിയിട്ട കാർ കത്തി ഒരാൾ വെന്തു മരിച്ചത്. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കാർപൂർണമായി കത്തി നശിച്ചിരുന്നു. ആളെ തിരിച്ചറിയാനാവാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞു. കുമാരമംഗലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് പൊലീസ് കണ്ടെത്തി. ഉച്ചയോടെ ഇദ്ദേഹത്തെ പ്രദേശത്ത് കണ്ടവരുണ്ട്. ഇദ്ദേഹമാണ് മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധന ഫലം കിട്ടിയാലേ ആളാരാണെന്ന് വ്യക്തമാകൂ. ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങൾ സിബിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.