ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ്..അമ്മയ്ക്ക് പിന്നാലെ കസ്റ്റഡിയിലായത്..

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ്. കൊല്ലപ്പെട്ട ജാസ്മിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലോഷ്യസിനെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിച്ചത് അലോഷ്യസ് ആണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ജാസ്മിൻ്റെ അമ്മ ജെസി മോളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മാതൃസഹോദരനെയും കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പൊലീസ് ഉയര്‍ത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്.

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. പിതാവ് ജാസ്മിന്റെ കഴുത്ത് ഞെരിക്കുകയും അബോധാവസ്ഥയില്‍ ആയതോടെ വീട്ടുകാരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button