ഇവിടെ ഒന്നും മാറില്ല…. സസ്പെൻഷൻ പുകമറയെന്ന് സിദ്ധാർത്ഥിന്റെ അമ്മ ഷീബ

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ റാഗിങ് ഇരയായ ജെ എസ് സിദ്ധാർത്ഥന്റെ അമ്മ ഷീബ എത്തി. നിതിന്റെ മൃതദേഹത്തിനരികിൽ അൽപ്പസമയം നിന്ന ശേഷം മാതാപിതാക്കളെയും കണ്ടാണ് ഷീബ മടങ്ങിയത്.സിദ്ധാർത്ഥിന്റെ മരണശേഷം ഇതാദ്യമായാണ് താൻ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ഷീബ വികാരാധീനയായി പറഞ്ഞു. “ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല. അധ്യാപകരെ സസ്പെൻഡ് ചെയ്ത നടപടികൾ എല്ലാം പുകമറ മാത്രമാണ്. ആരും പേടിക്കുന്നില്ല, പിന്നീട് തിരികെ ജോലിയിൽ പ്രവേശിക്കും,” എന്നും ഷീബ ആരോപിച്ചു.റിസർവേഷനിലൂടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ അധിക്ഷേപത്തിന് ഇരയാകുന്നുവെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ശിക്ഷയുടെ അഭാവം കൊണ്ടാണെന്നും അവർ ചൂണ്ടിക്കാട്ടി. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും പല കാര്യങ്ങൾ വ്യക്തമല്ലെന്നും, അദ്ദേഹത്തിന്റെ വ്യക്തിപരമായ സാധനങ്ങൾ പോലും കണ്ടെത്താനായിട്ടില്ലെന്നും ഷീബ പറഞ്ഞു.2024 ഫെബ്രുവരിയിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥനെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂരമായ റാഗിങാണ് മരണത്തിന് പിന്നിലെന്ന വിവരം പുറത്തുവന്നു.ഇതിനിടെ, നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകർക്കെതിരെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവിയുടെ മാനസിക പീഡനവും ജാതി-നിറ അടിസ്ഥാനത്തിലുള്ള അധിക്ഷേപവുമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും റാഗിങ് ഉണ്ടായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.



