ഗര്‍ഭം ധരിക്കുന്നില്ല.. മരുമകളെ തലയ്ക്കടിച്ച്, കഴുത്ത് ഞെരിച്ചു കൊന്നു…
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളുണ്ടാവത്തതിനാല്‍ മരുമകളെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവിന്‌റെ മാതാപിതാക്കള്‍. കൊലയ്ക്ക് ശേഷം അപകട മരണമെന്ന് ചിത്രീകരിക്കാനും ശ്രമം നടന്നു. കർണാടകയിലെ ബെലഗാവി ജില്ലയിലെ മലബാഡി ഗ്രാമത്തിലെ സന്തോഷ് ഹോണകണ്ഡേയുടെ ഭാര്യ രേണുകയാണ് (34) കൊല്ലപ്പെട്ടത്. സന്തോഷിന്‌റെ മാതാപിതാക്കളായ കമണ്ണയും ജയശ്രീയും ചേര്‍ന്ന് മരുമകളായ രേണുകയെ മോട്ടോര്‍ സൈക്കിളില്‍ നിന്നും തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് രേണുകയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചു.
കല്ലുകൊണ്ട് തലയ്ക്കടിച്ചിട്ടും ജീവന്‍ നഷ്ടമാകാത്ത രേണുകയെ സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അപകടമരണമെന്ന് വരുത്തി തീര്‍ക്കാന്‍ രേണുകയുടെ സാരി ബൈക്കിന്‌റെ പിന്‍ചക്രത്തില്‍ ചുറ്റിപ്പിച്ച് മൃതദേഹം 120 അടിയോളം വലിച്ചിഴച്ചു.മരണത്തില്‍ സംശയം തോന്നിയ രേണുകയുടെ ബന്ധു പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് രേണുകയുടെ ഭര്‍ത്താവാണെന്നും കണ്ടെത്തി. പ്രതികളായ ഭര്‍ത്താവ് സന്തോഷ്, ഭര്‍തൃമാതാപിതാക്കളായ കമണ്ണ, ജയശ്രീ എന്നിവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.