ശരീരത്തിൽ മുറിവുകളില്ല… സമീപ കെട്ടിടത്തിലെ സിസിടിവി ദൃശ്യം നിർണായകമായി… വ്യാപാരിയുടെ മരണത്തിൽ….

വാഴക്കാല സ്വദേശിയായ വ്യാപാരി സലീമിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. മോഷണ ശ്രമത്തിനിടെയാണ് സലീം കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ വീട്ടുജോലിക്കാരായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതിമാരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 30നാണ് വാഴക്കാലയിലെ വീട്ടിൽ സലീമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സലീമിന്‍റെ വീട്ടിൽ ആ സമയം മറ്റാരും ഉണ്ടായിരുന്നില്ല. ആക്രി കച്ചവടം നടത്തിയിരുന്ന സലീമിന്‍റെ മൃതദേഹത്തിൽ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നുമില്ല.

സംശയം തോന്നിയ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പിന്നീടാണ് വീട്ടിൽ നിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോയതായി വീട്ടുകാർ അറിയുന്നത്. സംശയം തോന്നിയ പൊലീസ് സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം എത്തിയത്. സലീമിന്‍റെ വീട്ടുജോലിക്കാരായിരുന്ന ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാർ സ്വദേശികളായ അസ്മിതാ കുമാരി, ഭർത്താവ് കൗശൽ കുമാർ എന്നിവരാണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പൊലീസ് അനുമാനം. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും പറയുന്നതെന്നും കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും തൃക്കാക്കര പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സലീമിന്‍റെ വീട്ടിലും പരിസര പ്രദേശങ്ങളിലും പ്രതികൾ താമസിച്ച മുറിയിലും പൊലീസ് തെളിവെടുപ്പ് നടത്തി.

Related Articles

Back to top button