മകനെ ഓടിച്ചു കയറ്റി കൊന്നതാണ്…. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് നിതിന്റെ പിതാവ്…. നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘത്തെയും കോളേജ് അധികൃതരെയും തള്ളി പിതാവ് രാജൻ. പണത്തിന് മീതെയാണ് പലതും നടക്കുന്നതെന്നും നിലവിലെ പോലീസ് അന്വേഷണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെ ശിക്ഷിക്കാൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോളേജിലെത്തി ഒരു മാസം മുതൽ നിതിൻ റാഗിംഗിന് ഇരയായിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും സമ്മതിച്ചില്ല. ടി-ഷർട്ട് ഊരിപ്പിക്കുകയും കുളിക്കാനും തുണി അലക്കാനും അനുവദിക്കാതെ മണിക്കൂറുകളോളം കാത്തുനിർത്തുകയും ചെയ്യുമായിരുന്നു. എച്ച്ഒഡി എല്ലാവരുടെയും മുന്നിൽ വെച്ച് നിതിനെ ‘പുഴുത്ത പട്ടി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു. താൻ മുൻപ് ഒരു കൊല ചെയ്തിട്ടുണ്ടെന്നും വീണ്ടും അത് ചെയ്യിപ്പിക്കരുത് എന്നും എച്ച്ഒഡി മകനെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് ആരോപിച്ചു.

എച്ച്ഒഡിക്ക് പുറമെ ഹോസ്റ്റൽ വാർഡൻ കമൽ, അധ്യാപിക ലത എന്നിവർക്കും മരണത്തിൽ പങ്കുണ്ട്. പരാതികൾ നൽകിയെങ്കിലും പ്രിൻസിപ്പൽ അവ പൂഴ്ത്തിവെച്ചു. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കെട്ടിടത്തിന് മുകളിലേക്ക് അവനെ ഓടിച്ചു കയറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. മകൻ മരിച്ചിട്ട് കോളേജിൽ നിന്ന് ആരും തിരിഞ്ഞു നോക്കിയില്ല. പണച്ചാക്കുകളാണ് പലതും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റവും എസ്സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. ഏഴംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ നിതിന്റെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു.

Related Articles

Back to top button