നിതിൻ രാജിന്റെ മരണം…. ദേശീയ പട്ടികജാതി കമ്മീഷൻ ഇടപെടുന്നു… അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ഡിജിപിയോടും കമ്മീഷൻ നിർദ്ദേശിച്ചു. ബിജെപി നേതാവ് ശ്യാം രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ച് ദിവസത്തിനകം വസ്തുതകൾ ബോധിപ്പിക്കാനും സ്വീകരിച്ച തിരുത്തൽ നടപടികൾ വ്യക്തമാക്കാനും നിർദ്ദേശമുണ്ട്.

നിതിൻ രാജിന്റെ മരണത്തിൽ നിലവിൽ നടപടി നേരിട്ട രണ്ട് അധ്യാപകർക്ക് പുറമെ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഹോസ്റ്റൽ വാർഡൻ കമൽ, അധ്യാപികയായ ലത എന്നിവർക്കെതിരെയാണ് നിതിന്റെ പിതാവ് രാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് മോശമായ സമീപനമാണ് നിതിനോട് ഉണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു.

മരണത്തിന് പിന്നിൽ സാമ്പത്തിക സമ്മർദ്ദമുണ്ടോ എന്നറിയാൻ നിതിന്റെ ഫോണിലെ ലോൺ ആപ്പുകളിൽ നിന്നുള്ള സന്ദേശങ്ങൾ പോലീസ് പരിശോധിക്കും. സബ് കളക്ടറും പട്ടികജാതി വകുപ്പ് ജില്ലാ ഓഫീസറും അഞ്ചരക്കണ്ടി കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചു. നീതി തേടി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടേക്കും.

വിദ്യാർത്ഥിയുടെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ദന്തൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ക്യാമ്പസിനുള്ളിലും പുറത്തും പ്രതിഷേധം കനക്കുകയാണ്.

Related Articles

Back to top button