നിമിഷ പ്രിയയുടെ വധശിക്ഷ; ഓഗസ്റ്റ് 24നോ 25നോ?.. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്ന് ആവശ്യം..
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ.എ പോള്‍. കൂടാതെ മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും പോള്‍ സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിച്ചു. നിമിഷ പ്രിയയും ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിച്ചതായാണ് പോൾ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.
മോചന ശ്രമത്തില്‍ നിന്ന് ഇടപെടുന്നതില്‍ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യപ്പെട്ട് കെ എ പോള്‍ തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് നിമിഷപ്രിയയുടെ തന്നെ ആവശ്യമാണെന്നും പോള്‍ കോടതിയില്‍ പറഞ്ഞു. പോളിന്റെ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന് സുപ്രിംകോടതി നോട്ടീസ് നല്‍കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
അതേസമയം, വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അവകാശപ്പെട്ടത്. വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടലൊ അവകാശവാദങ്ങളോ കേന്ദ്രസർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മെഹ്‍ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർക്ക് കത്ത് നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു.
2017 മുതൽ യമൻ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിൽ കഴിയുകയാണ്. 2018 ലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത് തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷ പ്രിയയുടെ മോചനത്തിനായി ശേഷിക്കുന്ന ഒരേയൊരു മാർഗം.