കിടപ്പിലായിരുന്ന ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്ന്…മൊഴികളിൽ വൈരുധ്യം… അനുമതി ലഭിച്ചാൽ ഇന്ന് കല്ലറ പൊളിക്കും…
നെയ്യാറ്റിൻകര സമാധി കേസിൽ അടിമുടി ദുരൂഹത. ബന്ധുക്കളുടെ മൊഴിയിൽ വൈരുധ്യം. മരിച്ച ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ
കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നൽകിയ മൊഴി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ, വ്യാഴാഴ്ച രാവിലെ 11ഓടെ ഗോപൻസ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനന്റെ മൊഴി.
11.30ഓടെ സമാധിയായെന്നാണ് കുടുംബത്തിന്റെ മൊഴി. ഇത്തരത്തിൽ മൊഴിയിലെ വൈരുധ്യം നിലനിൽക്കുന്നതിനായി കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്. കുടുംബത്തിന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോപൻ സ്വാമി മരിച്ചശേഷം സമാധി സ്ഥലത്ത് കൊണ്ടുവെയ്ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണമെന്ന പൊലീസ് അപേക്ഷയിൽ കളക്റുടെ തീരുമാനം ഇന്നുണ്ടാകും.ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കിൽ പോസ്റ്റുമോർട്ടം നടത്തണമെന്നാണ് പൊലിസിന്റെ ആവശ്യം.
നെയ്യാറ്റിൻകര ആറാലു മൂടിൽ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമി സമാധിയായെനും നാട്ടുകാർ അറിയാതെ അന്ത്യകർമ്മങ്ങൾ ചെയ്തുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ മൊഴി.എന്നാൽ, കൊലപാതകമെന്ന് നാട്ടുകാർ ആരോപണം ഉയർത്തിയതോടെയാണ് കല്ലറ തുറക്കാൻ പൊലീസ് തീരുമാനിച്ചത്.
കളക്ടർ ഇന്ന് ഉത്തരവിട്ടാൽ ഫൊറൻസിക് വിദഗ്ധരുടെ സാനിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കും. മരണ കാരണം പോസ്റ്റുമോർട്ടത്തിൽ വ്യക്തമായാൽ മാത്രമേ പൊലീസ് ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയുള്ളൂ.ബന്ധുക്കളുടെ മൊഴിയിലെ വൈരുദ്യമാണ് സംശയം വർധിപ്പിക്കുന്നത്.