‘102 സീറ്റിന്റെ വിജയം ആഘോഷിക്കേണ്ടത് ഇങ്ങനെയല്ല, പരസ്യ അഭ്യര്‍ത്ഥനയുമായി വിഡി സതീശൻ

യു.ഡി.എഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി വി.ഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. എ.ഐ.സി.സി നടപടികൾ തുടരുന്ന സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ദോഷകരമാകുന്ന പ്രവൃത്തികളിൽ നിന്ന് പ്രവർത്തകർ പിന്മാറണമെന്നും സതീശൻ അഭ്യർത്ഥിച്ചു.

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു.

നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.

Related Articles

Back to top button