സേനയിലെത്തിയിട്ട് ആറുമാസം, പ്രായം 23 വയസ്.. സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യാഗം ചെയ്ത് സൈനികന്‍…

സേനയുടെ ഭാഗമായിട്ട് വെറും ആറുമാസം മാത്രമായ 23 വയസ് പ്രായമുള്ള സൈനികൻ തന്റെ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യാഗം ചെയ്തു. സിക്കിം സ്‌കൗട്ട്‌സിലെ ലെഫ്റ്റനന്റായ ശശാങ്ക് തിവാരിയാണ് സ്വന്തം ജീവന്‍ വകവയ്ക്കാതെ അസാമാന്യ ധീരത പ്രകടിപ്പിച്ചത്. പാലത്തില്‍ നിന്ന് ജലാശയത്തിലേക്ക് വീണതോടെ ഒഴുക്കില്‍പ്പെട്ട് ജീവന്‍ അപകടത്തിലായ സൈനികനെ രക്ഷിക്കാനാണ് 23 വയസ്സ് മാത്രം പ്രായമുള്ള ശശാങ്ക് തിവാരി നദിയിലേക്ക് ചാടിയത്.

2024 ഡിസംബറിലാണ് ശശാങ്ക് സേനാംഗമായത്. തന്ത്രപ്രധാനമായ ഒരു പ്രദേശത്തേക്കുള്ള പട്രോളിങ്ങിന് നേതൃത്വം നല്‍കുകയായിരുന്നു ഇദ്ദേഹം. തടികൊണ്ടുള്ള പാലത്തിലൂടെ നദിയ്ക്ക് കുറുകെ നീങ്ങവേ കാല്‍തെറ്റി സ്റ്റീഫന്‍ സുബ്ബ എന്ന അഗ്നിവീര്‍ വെള്ളത്തിലേക്ക് വീണു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

സ്റ്റീഫന്‍ സുബ്ബ ഒഴുക്കില്‍പ്പെട്ടതോടെ ശശാങ്കും വെള്ളത്തിലേക്ക് ചാടി. മുങ്ങിത്താണുകൊണ്ടിരുന്ന സ്റ്റീഫനെ, ശശാങ്കിന് പിന്നാലെ ചാടിയ മറ്റൊരു സൈനികന്‍ നായിക് പുകാര്‍ കാട്ടേലും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ ശക്തമായ ജലപ്രവാഹത്തില്‍ ശശാങ്ക് ഒഴുകിപ്പോകുകയായിരുന്നു. അരമണിക്കൂറിന് ശേഷം 800 മീറ്റര്‍ അകലെ നിന്ന് ശശാങ്കിന്റെ മൃതദേഹം കണ്ടെത്തി. ശശാങ്കിന് മാതാപിതാക്കളും ഒരു സഹോദരിയുമുണ്ട്.

ചെറിയ പ്രായവും അല്‍പകാലത്തെ സേവനവും മാറ്റിനിര്‍ത്തിയാല്‍ ശശാങ്കിന്റെ പ്രവൃത്തി ധീരതയുടേയും സാഹോദര്യത്തിന്റേയും മാതൃകയായി വരും തലമുറയിലെ സൈനികര്‍ക്ക് പ്രചോദനമായിത്തീരുമെന്ന് ഇന്ത്യന്‍ സേന പ്രതികരിച്ചു.

Related Articles

Back to top button