‘കുട്ടികളില്ല’.. 42 കാരിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ…
വിവാഹം കഴിഞ്ഞ് 20 വർഷം കഴിഞ്ഞും കുട്ടികളില്ല. 42കാരിയെ ചാണകം കൂട്ടിയിട്ട് കത്തിച്ച് ഭർതൃവീട്ടുകാർ. രാജസ്ഥാനിലെ ദീഗ് ജില്ലയിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. സരള ദേവി എന്ന 42കാരിയാണ് കൊല്ലപ്പെട്ടത്. പാതി കത്തിക്കരിഞ്ഞ 42കാരിയുടെ ശരീരം ദഹിപ്പിക്കാനുള്ള നീക്കം തടയാൻ ശ്രമിച്ച പൊലീസുകാരെ യുവതിയുടെ ഭർതൃവീട്ടുകാരും അയൽവാസികളും മർദ്ദിക്കുകയും ചെയ്തു. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഏറെക്കാലമായി സഹോദരി ഭർത്താവിന്റെ വീട്ടിൽ നിരന്തരമായി അപമാനിക്കപ്പെട്ടിരുന്നുവെന്നാണ് സരള ദേവിയുടെ സഹോദരൻ വിക്രാന്ത് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. 2005ലാണ് അശോകുമായി സരള ദേവിയുടെ വിവാഹം കഴിഞ്ഞത്. സരള ദേവിയുടെ ഭർത്താവ്, ഭർതൃപിതാവ് സുഖ്ബീർ സിംഗ്, ഭർതൃ മാതാവ് രാജ്വതി, ഭർതൃ സഹോദരി ഭർത്താവായ ത്രിലോക്, ഭർത്താവിന്റെ സഹോദരിമാരായ പൂജ, പൂനം എന്നിവർക്കെതിരെയാണ് വിക്രാന്ത് പരാതി നൽകിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പകുതി കത്തിയ സരളയുടെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തേക്ക് എത്തിയ പൊലീസുകാരെ നാട്ടുകാരും സരള ദേവിയുടെ ഭർതൃവീട്ടുകാരും ചേർന്ന് തടഞ്ഞു.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ നാട്ടുകാർ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉയർന്ന അധികാരികളും കൂടുതൽ പൊലീസ് സേനയും സംഭവ സ്ഥലത്ത് എത്തിയത്. ഇവർ സരള ദേവിയുടെ മൃതദേഹം ഭർതൃവീട്ടുകാരിൽ നിന്ന് പിടിച്ചെടുത്ത് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം സരള ദേവിയുടെ വീട്ടുകാർക്ക് വിട്ടുനൽകുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും യുവതിയുടെ ഭർതൃവീട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നടന്ന ക്രൂരത പുറത്ത് വരാതിരിക്കാനാണ് മൃതദേഹം ഉടനടി സംസ്കരിക്കാൻ 42കാരിയുടെ ഭർതൃവീട്ടുകാർ ശ്രമിച്ചത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിനും സർക്കാർ ജീവനക്കാരുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിനുമാണ് പൊലീസ് കേസ് എടുത്തത്. കൊലപാതകത്തിൽ കേസ് എടുത്തതിന് പിന്നാലെ സരളയുടെ ഭർതൃവീട്ടുകാരും അയൽവാസികളും ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.