ജുവനൈൽ ഹോമിൽ 12 വയസുകാരന് നേരെ ലൈംഗിക അതിക്രമം; കെയർടേക്കർ അറസ്റ്റിൽ

വെള്ളിമാട്കുന്ന് ഗവ. ജുവനൈൽ ഹോമിലെ (ചൈൽഡ് ഹോം) അന്തേവാസിയായ 12 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ കെയർടേക്കർ അറസ്റ്റിൽ. ചെലവൂർ സ്വദേശിയായ പി. അയൂബിനെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിഞ്ഞതു മുതൽ ഒളിവിലായിരുന്ന പ്രതി, പോലീസ് അന്വേഷണം ശക്തമാക്കിയതോടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിക്കും മാർച്ചിനുമിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലങ്ങിനിടെ കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെ ജൂൺ അഞ്ചാം തീയതി കേസെടുത്തു. ഇതിന് ശേഷം പ്രതി ഒളിവിലായിരുന്നു. കോടതിയിൽ കീഴടങ്ങിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കെയർടേക്കറായ ഇയാൾ കുട്ടിയെ സ്ഥാപനത്തിൽ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുൾപ്പെടെ അന്വേഷണം നടന്നുവരികയാണ്.



