രോഗാവസ്ഥ തളർത്തി; ദമ്പതികളെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

എറണാകുളം എടവനക്കാട് വാച്ചാക്കൽ ഭാഗത്ത് വൃദ്ധദമ്പതികളെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താന്നിപ്പിള്ളി സ്വദേശി ക്ലീറ്റസ് (70), ഭാര്യ വിമല (70) എന്നിവരാണ് മരിച്ചത്. വാച്ചാക്കലിലുള്ള ക്ലീറ്റസിന്റെ സഹോദരനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
വ്യാഴാഴ്ച രാവിലെയാണ് ദമ്പതികളെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ദീർഘനാളായി വിമലയെ അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളും അതുമൂലമുണ്ടായ കടുത്ത മാനസിക വിഷമവുമാകാം ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്ക് മക്കളില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു.



