അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ മരത്തിൽകെട്ടിയിട്ട് മർദിച്ച് കൊന്നു….സംഭവത്തിൽ….

അരി മോഷണം ആരോപിച്ച് ദളിത് യുവാവിനെ അടിച്ചുകൊന്നു. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ രാജ്ഗഢിലാണ് പഞ്ച്‌റാം സാര്‍ഥി(50) എന്നയാൾ കൊല്ലപ്പെട്ടത്. കേസില്‍ വിരേന്ദ്ര സിദാര്‍, അജയ് പര്‍ദ്ധാന്‍, അശോക് പര്‍ദ്ധാന്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാളുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ട കൊലയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചെങ്കിലും കേസ് ആ വകുപ്പിന് കീഴിലല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ച 2 മണിയോടെയാണ് സംഭവം നടക്കുന്നത്. തന്റെ വീടിനുള്ളില്‍ മറ്റാരോ പ്രവേശിച്ച ശബ്ദം കേട്ട് ഉണരുമ്പോള്‍ പഞ്ച്‌റാം ഒരു ചാക്ക് അരി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതാണ് കാണുന്നത് എന്നാണ് മുഖ്യപ്രതിയായ വിരേന്ദ്ര സിദാറിന്റെ മൊഴി. പിന്നാലെ അയല്‍ക്കാരായ അജയ്‌യേയും അശോകിനെയും കൂട്ടി പഞ്ച്‌റാമിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

മുളവടിയുപയോഗിച്ചായിരുന്നു ക്രൂരമര്‍ദനം. ഒടുവില്‍ പുലര്‍ച്ചെ ആറുമണിയോടെ ഗ്രാമത്തലവന്‍ വിവരം നല്‍കിയതിനുസരിച്ചാണ് പോലീസ് എത്തിയത്. അപ്പോഴേക്കും മരത്തില്‍ കെട്ടിയിട്ട പഞ്ച്‌റാമിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ആള്‍ക്കൂട്ട കൊലപാതകമാണ് നടന്നതെന്നും പ്രതികള്‍ക്ക് തക്കശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

Related Articles

Back to top button