ട്രെയിനുകൾ വൈകി, ആളുകൾ ഇരച്ചെത്തി… നിയന്ത്രിക്കാനാകാൻ ആരുമുണ്ടായില്ലെന്ന് ദൃക്സാക്ഷി…
ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിലെ തിക്കും തിരക്കിലുപെട്ട് 18 പേര്‍ മരിക്കുകയും 50ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് കാരണം പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകള്‍ വൈകിയതാണെന്ന് പ്രാഥമിക നിഗമനമെന്ന് റെയില്‍വെ ഡിസിപി കെപിഎസ് മൽഹോത്ര. അപകട കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും ഡിസിപി പറഞ്ഞു.
ഇന്നലെ രാത്രി പത്തോടെ പ്രയാഗ് രാജിലേക്ക് പോകുന്നതിനായി മൂന്നു ട്രെയിനുകളാണ് ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിൽ രണ്ട് ട്രെയിനുകള്‍ വൈകിയതോടെയാണ് പ്ലാറ്റ്‍ഫോമിൽ തിരക്കുണ്ടായതെന്ന് റെയില്‍വെ ഡിസിപി പറഞ്ഞു. കുംഭമേളയിൽ പങ്കെടുക്കാനായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനുപേരാണ് പ്ലാറ്റ്‍ഫോമിലെത്തിയത്. പ്ലാറ്റ്‍ഫോമിലെ തിരക്കിനിടെ ട്രെയിനിൽ കയറുന്നതിനിടെയും വലിയ രീതിയിൽ തിക്കും തിരക്കമുണ്ടായതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ട്രെയിൻ പെട്ടെന്ന് പ്ലാറ്റ്‍ഫോം മാറി വന്നതും തിക്കും തിരക്കുമുണ്ടാകുന്നതിന് കാരണമായെന്നും പ്രാഥമിക നിഗമനമുണ്ട്. അതേസമയം, പ്ലാറ്റ്‍ഫോമിലേക്ക് ആളുകൾ ഇരച്ചെത്തുകയായിരുന്നുവെന്ന് സംഭവത്തിലെ ദൃക്സാക്ഷിയായ ഓംപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സ്റ്റേഷനിൽ ആരുമുണ്ടായിരുന്നില്ല. അപകടമുണ്ടായശേഷം രക്ഷാപ്രവർത്തനം ഏറെ വൈകിയെന്നും ഓംപ്രകാശ് പറഞ്ഞു. ന്യൂദില്ലി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തം ഏറെ വേദനിപ്പിക്കുന്നതെന്ന് കാവൽ മുഖ്യമന്ത്രി അതിഷി മർലേന പറഞ്ഞു.പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അതിഷി പറഞ്ഞു.