നവജാത ശിശുവിന്റെ മരണം ശ്വാസംമുട്ടി… പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്… അമ്മ പോലീസ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശു മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 21-കാരിയായ അമ്മയെ നിലവിൽ പോലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞദിവസമാണ് പൂഴനാട് സ്വദേശിനിയായ യുവതി വീട്ടിൽ വെച്ച് പ്രസവിച്ചത്. വയറുവേദനയാണെന്ന് ഭർത്താവിനോട് പറഞ്ഞ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ട ആശുപത്രി അധികൃതർ സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രസവത്തിനിടയിലുണ്ടായ പരിക്കാണോ മരണകാരണമെന്നായിരുന്നു പ്രാഥമിക സംശയം. എന്നാൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ കേസ് പുതിയ തലത്തിലേക്ക് നീങ്ങി. യുവതി ഗർഭിണിയായിരുന്നു എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് ഭർത്താവ് പോലീസിന് നൽകിയ മൊഴി. ഇവർക്ക് ഒന്നര വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്.
നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ ഡിസ്ചാർജ് ചെയ്താലുടൻ പോലീസ് വിശദമായി ചോദ്യം ചെയ്യും. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്.



