‘ടെൻഷൻ ഉണ്ട്, പോസിറ്റീവായ ഫലമുണ്ടാകുമെന്ന വിശ്വാസവുമുണ്ട്’

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള അവസാന ദിവസമായതിനാൽ ടെൻഷനുണ്ടെന്ന് നേമം യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ. ടെൻഷൻ ഇല്ലെന്ന് പറയുന്നത് അഭിനയമാണെന്നും എല്ലാ സ്ഥാനാർത്ഥികൾക്കും ടെൻഷനുണ്ടാകുമെന്നും ശബരീനാഥൻ പറഞ്ഞു. നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും ജനങ്ങളിൽ നിന്ന് പോസിറ്റീവ് മറുപടികൾ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഫി വിത്ത് അരുണിൽ സംസാരിക്കുകയായിരുന്നു ശബരീനാഥൻ.

‘തെരഞ്ഞെടുപ്പിന് ശേഷം ആളുകളോട് സംസാരിക്കുമ്പോഴും നല്ല മറുപടിയാണ് കിട്ടിയത്. ഇവിടെ എല്ലാവർക്കുമുള്ള വോട്ടുകൾ ഉണ്ട്. കൃത്യമായ സ്‌പേസ് കോൺഗ്രസിന് നേമത്തുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാ വിഭാഗങ്ങളിൽ നിന്നും വോട്ട് വാങ്ങാൻ കഴിവുള്ളത് യുഡിഎഫിന്റെ സ്ഥാനാർത്ഥിക്കാണ്. സമുദായ സമവാക്യങ്ങൾ യുഡിഎഫിന് അനുകൂലമാണ്. എല്ലാവരിലേക്കും എത്തിച്ചേരാൻ സാധിച്ചു’, കെ എസ് ശബരീനാഥൻ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അത് ജനം ചർച്ച ചെയ്യുമെന്നും കെ എസ് ശബരീനാഥൻ കൂട്ടിച്ചേർത്തു. ശക്തമായ മതരാഷ്ട്രീയം ബിജെപി കളിക്കുമ്പോൾ അതിന്റെ മറ്റൊരു തീവ്ര വശത്തേക്ക് എൽഡിഎഫ് നീങ്ങിയിട്ടുണ്ട്. അത് ജനം മനസിലാക്കുന്നുണ്ട്. കഴിഞ്ഞ തവണ കെ മുരളീധരന് ലഭിച്ച വോട്ട് വലിയ വോട്ടാണെന്നും അതിന്റെ മുകളിലേക്ക് പോകാൻ പറ്റുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button