തിരുവാങ്കുളത്തെ നാലുവയസുകാരിയുടെ കൊലപാതകം.. പൊലീസുമായി സഹകരിക്കാതെ കസ്റ്റഡിയിലുള്ള ബന്ധു…
എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ട് റിപ്പോർട്ടിന് പിന്നാലെ കുട്ടിയുടെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ,ചോദ്യം ചെയ്യലിൽ പ്രതി പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്യുന്നത്. വിശദമായ ഫോറൻസിക് പരിശോധനയ്ക്കും പരമാവധി തെളിവ് ശേഖരണത്തിനും ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
കേസ് അന്വേഷണത്തിനായി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. നാല് വയസ്സുകാരിയുടെ മരണത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്ങമനാട് പൊലീസ് കേസെടുത്ത് പുത്തന്‍കുരിശ് പൊലീസിന് കൈമാറി.
കാക്കനാട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അമ്മയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് കൂടുതൽ വ്യക്തത വരുത്താനാണ് പോലീസ് നീക്കം.കുട്ടിയുടെ ബന്ധു ആരാണെന്നത് അടക്കമുള്ള വിശദാംശങ്ങൾ ഇന്ന് റൂറൽ എസ്പി എം ഹേമലത മാധ്യമങ്ങളോട് വിശദീകരിക്കും.
ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.



