വീണ്ടും നായകനായി ‘തല’..ചെന്നൈയെ ഇനി ധോണി നയിക്കും..

ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. പരിക്കേറ്റ നായകൻ റിതുരാജ് ഗെയ്ക്വാദിന് ഈ സീസൺ നഷ്ടമാകും. ഇതോടെയാണ് വീണ്ടും മഞ്ഞപ്പടയുടെ തലപ്പത്തേയ്ക്ക് ധോണി തിരിച്ചെത്തുന്നത്. കൈമുട്ടിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഗെയ്ക്വാദിന് ഈ സീസൺ നഷ്ടമായത്. ചെന്നൈയുടെ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേയ്ക്ക് നയിച്ച നായകനാണ് ധോണി. 2023ലാണ് അവസാനമായി ധോണിയ്ക്ക് കീഴിൽ ചെന്നൈ കിരീടം ചൂടിയത്. ഇതിന് ശേഷം ധോണി റിതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റൻസി കൈമാറുകയായിരുന്നു. 2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലാണ് ധോണിയ്ക്ക് കീഴിൽ ചെന്നൈ ചാമ്പ്യൻമാരായത്.

ഈ സീസണിൽ സമീപകാലത്തൊന്നും നേരിടാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ്  ചെന്നൈ സൂപ്പര്‍ കിംഗ്സ് കടന്നുപോകുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ വിജയിച്ചെങ്കിലും പിന്നീട് കളിച്ച നാല് മത്സരങ്ങളിലും ടീം പരാജയപ്പെടുകയായിരുന്നു. ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ചെന്നൈയ്ക്ക് പലപ്പോഴും തിരിച്ചടിയായത്. 180ന് മുകളില്‍ സ്കോര്‍ ചെയ്താൽ ചെന്നൈയെ പരാജയപ്പെടുത്താം എന്ന നിലയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. റൺ ചേസിൽ സ്കോറിംഗിന് വേഗം കൂട്ടാനാകാതെ ധോണി ഉൾപ്പെടെയുള്ള താരങ്ങൾ വിഷമിക്കുന്നത് ആരാധകരെയും നിരാശരാക്കിയിരുന്നു

Related Articles

Back to top button