മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാൻ വയ്യ..3 പെൺമക്കളെ വിഷം കൊടുത്ത് കൊന്ന് അമ്മ..
മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു കൊന്നു. സന്ധ്യ സന്ദീപ് ബാരെ എന്ന യുവതിയാണ് ഭക്ഷണത്തിൽ കീടനാശിനി കലർത്തി അഞ്ചും എട്ടും പത്തും വയസുള്ള മൂന്ന് മക്കളെ കൊലപ്പെടുത്തിയത്. ശർദ്ദിച്ച് കുഴഞ്ഞ് വീണ കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം സ്ത്രീ സ്വയം പൊലീസിൽ കീഴടങ്ങി
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെയുള്ള മാനസിക സമ്മർദ്ദത്തെ തുടർന്നാണ് കുട്ടികളെ കൊന്നതെന്നാണ് യുവതിയുടെ മൊഴി. ജൂലൈ 20 നായിരുന്നു ദാരുണമായ സംഭവമുണ്ടായത്. ഗുരുതരാവസ്ഥയിലായ കുട്ടികളെ 24 നും 25 നും മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യ ഘട്ടത്തിൽ മരണ കാരണം വ്യക്തമായിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടികളുടെ ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്ന് വ്യക്തമായത്.
പിന്നാലെ കുട്ടികളുടെ അച്ഛന്റെ മാതാപിതാക്കൾ മരണത്തിൽ അമ്മയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്. മദ്യപാനം മൂലം ഭർത്താവുമായി ഇവർ അകന്നു കഴിയുകയായിരുന്നു. കുട്ടികളെ നോക്കാനുള്ള പണമില്ലാതായതോടെയാണ് കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മൊഴിയെന്ന് പൊലീസ് അറിയിച്ചു