എയ്ഡ്സ് ബാധിച്ച സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി.. കുഞ്ഞിനെ കൊന്ന് തൊട്ടിലിൽ കിടത്തിയ ശേഷം ജോലിക്കും പോയി..
എയ്ഡ്സ് ബാധിച്ച സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി. മഹാരാഷ്ട്രയിലെ ഗോവണ്ടിയിലാണു സംഭവം. നാൽപ്പത്തിമൂന്നുകാരിയായ യുവതിയാണ് തന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. എയ്ഡ്സ് ബാധിതയായ യുവതിയുടെ കുഞ്ഞിനും എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ചികിത്സിക്കാൻ പണമില്ലെന്നാണ് കൊലപാതകത്തിന് യുവതി പറയുന്ന കാരണം.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവതി പതിവുപോലെ ജോലിക്കുപോകുകയും ചെയ്തു. എന്നാൽ, ജോലിസ്ഥലത്തെത്തിയ യുവതി, സഹപ്രവർത്തകയുമായി വഴക്കിടുകയും കത്തിയെടുത്ത് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന്, പൊലീസ് എത്തിയപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വസതിയിലെത്തി പരിശോധന നടത്തിയ പൊലീസ് കുട്ടിയെ തൊട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. പിന്നാലെ, കുഞ്ഞിന്റെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.