ചൈനയിലെ പഠനം മുടങ്ങി, പിന്നെ സിനിമാ പഠനം…ഏഴ് വർഷത്തിലധികമായി മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചത്…
വെള്ളറട കിളിയൂരിൽ അച്ഛനെ കൊലപ്പെടുത്തിയ പ്രജിൻ കോവിഡിനെ തുടർന്ന് ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയ വ്യക്തി. പിന്നീടാണ് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും തിരികെ വന്നശേഷം മകനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അമ്മ പ്രതികരിച്ചത്.
2014-ലാണ് പ്രജിൻ മെഡിക്കൽ പഠനത്തിനായി ചൈനയിലെ വുഹാൻ സിറ്റിയിൽ എത്തുന്നത്. കൊച്ചിയിലെ ഒരു ഏജൻസി വഴിയാണ് ചൈനയിൽ പോയത്. എന്നാൽ കൊവിഡ് കാലത്ത് പഠനം പൂർത്തിയാക്കാൻ കഴിയാതെ പ്രജിൻ നാട്ടിലേക്ക് മടങ്ങി. അവസാന വർഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജൻസി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താൽ പ്രജിന് പരീക്ഷയെഴുതാനും കഴിഞ്ഞില്ല. ഏജൻസിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രജിൻ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിലധികമായി തങ്ങൾ മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്നാണ് അമ്മ സുഷമ വെളിപ്പെടുത്തിയത്. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. മുറിയിൽ നിന്നും ഓം പോലെയുള്ള ശബ്ദം കേൾക്കുമായിരുന്നുവെന്നും മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.



