മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങളുടെ തലച്ചോറും ത്വക്കും മുഖവും ഉൾപ്പെടെ കടത്തി..ഭാര്യയോടൊപ്പം കരിഞ്ചന്തയിൽ വിൽപന..

മോർച്ചറിയിൽ നിന്ന് മനുഷ്യ ശരീരങ്ങളിലെ തലയും തലച്ചോറും ഉൾപ്പെടെയുള്ളവ മോഷ്ടിച്ചെടുത്ത് കടിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ പ്രതി കുറ്റക്കാരൻ. പ്രസിദ്ധമായ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മോർച്ചറിയിൽ ജോലി ചെയ്തിരുന്ന മുൻ മാനേജർക്കെതിരെയാണ് പെൻസിൽവാനിയ ഫെഡറൽ കോടതിയിൽ നടപടി പുരോഗമിക്കുന്നത്. തലയും തലച്ചോറും മാത്രമല്ല മനുഷ്യ ശരീരങ്ങളിൽ നിന്ന് ത്വക്ക്, കൈകൾ, മുഖം, മറ്റ് അവയവങ്ങൾ എന്നിവയെല്ലാം ഇയാൾ മോഷ്ടിച്ചെടുത്ത് വിൽപന നടത്തിയെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.

മെഡിക്കൽ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഹാർവാർഡ് മെഡിക്കൽ സ്കൂളിലേക്ക് സംഭവനയായി ലഭിച്ചിരുന്ന മൃതദേഹങ്ങളിൽ നിന്നാണ് സെട്രിക് ലോഡ്ജ് എന്ന 57കാരൻ അവയവങ്ങൾ മോഷ്ടിച്ചത്. 2018 മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിൽ മോർച്ചറിയിലേക്ക് ഇയാൾക്കുണ്ടായിരുന്ന പ്രവേശന അധികാരം ദുരുപയോഗം ചെയ്ത് അവയവങ്ങളും ശരീരഭാഗങ്ങളും മോഷ്ടിച്ചെടുക്കുകയായിരുന്നു. പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച ശേഷം ദഹിപ്പിക്കാനോ കുഴിച്ചുമൂടാനോ അല്ലെങ്കിൽ ദാനം ചെയ്യുമ്പോഴുള്ള കരാർ പ്രകാരം ബന്ധുക്കൾക്ക് തിരികെ നൽകാനോ  വേണ്ടി സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഇങ്ങനെ ദുരുപയോഗം ചെയ്തത്. ഹാർവാർഡ് അധികൃതരുടെയോ മൃതദേഹങ്ങൾ ദാനം ചെയ്തവരുടെ ബന്ധുക്കളുടെയോ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു മോർച്ചറി മാനേജറുടെ നീക്കങ്ങൾ.

ശരീര ഭാഗങ്ങൾ ന്യൂഹാംപ്ഷെയറിലുള്ള ഇയാളുടെ വസതിയിലേക്ക് കൊണ്ട് പോവുകയാണ് ചെയ്തത്. മാനേജറും ഭാര്യയും ചേർന്ന് പല സ്ഥലങ്ങളിലുള്ള ആവശ്യക്കാർക്ക് വിതരണം ചെയ്തു. പലപ്പോഴും ആവശ്യക്കാർക്ക് നേരിട്ട് ഇവ അയച്ചുകൊടുത്തു. ചില സമയങ്ങളിൽ ആവശ്യക്കാർ ഇവരുടെ വീട്ടിൽ എത്തി അവയവങ്ങൾ കൊണ്ടുപോയിരുന്നു. മസാച്ചുസെറ്റ്സ്, ന്യൂഹാംപ്ഷെയർ, പെൻസിൽവാനിയ എന്നിവിടങ്ങളിലെല്ലാം ഉള്ള ഇടപാടുകാർക്ക് അവയവങ്ങളും ശരീര ഭാഗങ്ങളും എത്തിച്ചിരുന്നു.

പെൻസിൽവാനിയ സ്വദേശിയായ ഒരാൾ മാത്രം 32 ലക്ഷത്തോളം രൂപ പ്രതിക്ക് കൈമാറിയിരുന്നു. പേപാൽ വഴിയാണ് പല പണമിടപാടുകളും നടന്നത്. മസാചുസെറ്റ്സിലെ ഒരു സ്ത്രീക്ക് ത്വക്ക് കൈമാറിയെന്നും കണ്ടെത്തി. ഈ സ്ത്രീയെ ഒരു തവണ മോർച്ചറിയിൽ വെച്ച് നേരിട്ട് കണ്ട് രണ്ട് മൃതദേഹങ്ങൾ തന്നെ കൈമാറിയെന്നും പറയപ്പെടുന്നു. ഫെഡറൽ കോടതിയിലെ നടപടികൾ പൂർത്തിയാവുമ്പോൾ പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പിഴയും മറ്റ് നടപടികളും ഇതിന് പുറമെയുമുണ്ടാവും. പ്രതിയുടെ ഭാര്യ കുറ്റക്കാരിയാണെന്ന് നേരത്തെ തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെയുള്ള ശിക്ഷാ വിധിയും ഇനി പുറത്തുവരും. 

Related Articles

Back to top button