അൽഷിമേഴ്സ് രോഗബാധിതനെ ഹോം നഴ്സ് മർദ്ദിച്ച സംഭവം… കാലിൽ പിടിച്ച് വലിച്ചിഴച്ചു… കൂടുതൽ വിവരങ്ങൾ…
ഹോം നഴ്സിൻറെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ വിമുക്ത ഭടൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അൽഷിമേഴ്സ് രോഗബാധിതനായ ശശിധരനെ വിഷ്ണു വീടിനുള്ളിലൂടെ കാലിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. ഒരു മാസം മുൻപാണ് പരിചരിക്കാനെത്തിയ ഹോം നഴ്സ് വിഷ്ണു അതിക്രൂരമായി മർദ്ദിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശശിധരൻ ഇന്നലെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി കൂടി വാങ്ങി കൊലക്കുറ്റം ചുമത്തുന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
മറവിരോഗമുള്ള ശശിധരൻപിള്ളയെ പരിചരിക്കാനാണ് പത്തനാപുരം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ ബന്ധുക്കൾ വീട്ടിൽ ജോലിക്ക് നിർത്തിയത്. എന്നാൽ മദ്യപാനശീലമുള്ള വിഷ്ണു 59 കാരനെ മദ്യലഹരിയിൽ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിഷ്ണു വയോധികനെ ക്രൂരമായി മർദ്ദിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ സംഭവത്തിന് പിന്നാലെ പുറത്ത് വന്നു.
ഗുരുതര പരിക്കേറ്റ ശശിധരൻപിള്ളയെ വീണു പരിക്കേറ്റതാണെന്ന് കള്ളം പറഞ്ഞ് വിഷ്ണു ആശുപത്രിയിലാക്കി. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി ബന്ധുക്കൾ വീട്ടിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. ഹോം നഴ്സിൻറെ മർദ്ദനമാണ് ശശിധരൻപിള്ളയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ശശിധരപിള്ളയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ വിഷ്ണു റിമാൻഡിൽ കഴിയുകയാണ്.