കാലവർഷം മൂന്നുദിവസത്തിനകം, അറബിക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും….
സംസ്ഥാനത്ത് അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്.