മുസ്ലിം പള്ളിക്ക് മുന്നിൽ യുവതിക്ക് നേരെ ആൾക്കൂട്ട വിചാരണയും ആക്രമണവും.. യുവതിക്കെതിരെ ഭർത്താവ്.. ആറ് പേർ അറസ്റ്റിൽ…
യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ അറസ്റ്റിൽ. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്. യുവതിക്കെതിരെ ഭർത്താവ് സദാചാര പ്രശ്നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.
യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആൾക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീർ (45), ചാന്ദ് ബാഷ (35), ദസ്തഗീർ (24), റസൂൽ ടി ആർ (42), ഇനായത്തുള്ള (51) എന്നിവരാണ് അറസ്റ്റിലായത്.
ഏപ്രില്‍ ഏഴിന് ഷബീന ബാനുവിനെ കാണാന്‍ ബന്ധുവായ നസീറും ഫയാസെന്ന മറ്റൊരാളും വീട്ടിലെത്തി. ഷബീനയുടെ ഭര്‍ത്താവ് ജമീല്‍ അഹമ്മദിന് ഇത് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇയാള്‍ അടുത്തുള്ള ജുമ മസ്ജിദിലെത്തി ഭാര്യയ്ക്കും വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരെയും പള്ളിയില്‍ നിന്ന് വിളിപ്പിച്ചു. ഷബീന പള്ളിയില്‍ എത്തുമ്പോഴേക്കും ആറുപുരുഷന്മാര്‍ ചേര്‍ന്ന് മര്‍ദനം ആരംഭിച്ചു. ക്രൂരമായ അക്രമത്തില്‍ ഷബീനയ്ക്ക് പരിക്കേറ്റു. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.