കോട്ടയം അയർക്കുന്നത്ത് കാണാതായ ബംഗാൾ സ്വദേശിനിയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം

കോട്ടയം അയർക്കുന്നത്ത് കാണാതായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം. പശ്ചിമബംഗാൾ സ്വദേശിനി അൽപ്പനയെയാണ് ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്. ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയർക്കുന്നം ഇളപ്പാനിയിൽ ആണ് സംഭവം.
കഴിഞ്ഞ ദിവസം അൽപ്പനയെ കാണാൻ ഇല്ലെന്ന് പറഞ്ഞ് സോണി പൊലീസിൽ പരാതി നൽകിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. ഭാര്യയെ കാണാൻ ഇല്ലെന്ന് പരാതി നൽകിയ ശേഷം ഇയാൾ നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചതായാണ് വിവരം. എന്നാൽ പൊലീസ് ഇത് പൂർണ വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്രതി പറഞ്ഞ സ്ഥലം പരിശോധിച്ച ശേഷം മാത്രമേ കൊലപാതകം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.



