മെമ്മറി കാർഡ് വിവാദം…60 ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം…
കൊച്ചി: താരസംഘടനയായ അമ്മയിൽ ഉയർന്ന മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനായി യോഗം വിളിച്ചിരുന്നു ഈ യോഗത്തിൽ ആളുകൾ പറഞ്ഞ അനുഭവങ്ങൾ മെമ്മറി കാർഡിൽ ചിത്രീകരിച്ചിരുന്നെന്നും എന്നാൽ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു.
കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നതെന്നും മെമ്മറി കാർഡിൻ്റെ ഉത്തരവാദിത്തം അവർക്കാണെന്നും അമ്മ തിരഞ്ഞെടുപ്പിനിടെ ആരോപണം ഉയർന്നിരുന്നു. പൊന്നമ്മ ബാബു അടക്കമുള്ള താരങ്ങളാണ് ആരോപണം ഉന്നയിച്ചത്. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ആരോപണങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ഈ വിഷയത്തിൽ അന്വേഷണം നടത്താനാണ് പുതിയ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.