സഹോദരിയുടെ ഫ്ലാറ്റിലെത്തി.. എംബിബിഎസ് വിദ്യാർത്ഥി 21ാം നിലയിൽ നിന്ന് താഴേക്ക് ചാടി..

ഇരുപത്തിയൊന്നാം നിലയിലെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിയ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഉത്തർപ്രദേശിലെ മഥുര സ്വദേശി ശിവ (29) ആണ് മരിച്ചത്. യുവാവ് ആത്മഹത്യ ചെയ്തെന്നാണ് സംശയമെന്ന് പൊലീസ് പറയുന്നു. എങ്കിലും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണ് യുവാവിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ദില്ലിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ 2015 ബാച്ച് എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ശിവ. എന്നാൽ കൊറോണ കാലത്ത് മാനസിക പ്രയാസങ്ങൾ നേരിട്ടതിനെ തുടർന്ന് അധ്യയനം മുടങ്ങി. ഇതേ തുടർന്ന് കടുത്ത വിഷാദത്തിന് യുവാവ് അടിമപ്പെട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്.
ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി പ്രദേശത്ത് സഹോദരിയുടെ ഫ്ലാറ്റിലെത്തിയതായിരുന്നു ശിവ. മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. ഈ ഫ്ലാറ്റിൽ മാതാപിതാക്കൾ വീടിനകത്ത് മറ്റൊരു മുറിയിൽ നിൽക്കെ യുവാവ് ബാൽക്കണിയിലേക്ക് നടന്നുപോവുകയും ഇവിടെ നിന്ന് താഴേക്ക് ചാടുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.



