അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല…ഈ സമയം വരെ തൻ്റെ പേര് മൊഴിയിൽ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്…

പാതിവില തട്ടിപ്പ് കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം വരെ തൻ്റെ പേര് മൊഴിയിൽ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു അടിസ്ഥാനവും ഇല്ലാതെയാണ് തനിക്കെതിരെയുള്ള വാർത്തയെന്നും അദ്ദേഹം പ്രതികരിച്ചു. 

പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഒരു എംഎൽ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്.

Related Articles

Back to top button