നബീസ വധക്കേസ്… ‘മകനുണ്ട്, ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതി ഫസീല’… ശിക്ഷാവിധി 3 മണിക്ക്…

മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3 മണിക്ക്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിഭാ​ഗം വാദത്തിനിടെ പ്രതി ഫസീല കോടതിയിൽ പൊട്ടിക്കരഞ്ഞു. തനിക്ക് 12 വയസു മകനുള്ളതിനാൽ ശിക്ഷ ഒഴിവാക്കണമെന്നും ഒന്നാം പ്രതി ഫസീല കോടതിയോട് അപേക്ഷിച്ചു. ഫസീലയുടെ മുൻകാല കേസുകൾ കോടതി ആവർത്തിച്ചു പരാമർശിച്ചു. എന്നാൽ മുൻകാല കുറ്റകൃത്യങ്ങൾ പരിഗണിക്കരുതെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം.

പൊലീസ് മോശമായി പെരുമാറിയെന്നും പ്രതികൾ പറഞ്ഞു. നബീസ കൊല്ലപ്പെട്ടത് അതിക്രൂരമെന്നായിരുന്നു പ്രൊസിക്യുഷന്റെ വാദം. പാപങ്ങൾ പൊറുക്കാൻ പ്രാർത്ഥിക്കുന്ന സമയത്ത് ചെയ്തത് അതിക്രൂര കൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ വധശിക്ഷ നൽകണമെന്നും കോടതിയിൽ വാദിച്ചു. റമദാൻ മാസത്തിൽ പുണ്യംതേടുന്നവരാണ് യഥാർത്ഥ വിശ്വാസികൾ. പ്രതികൾ വിശ്വാസികളാണോയെന്ന് തോന്നുന്നില്ലെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. പ്രതികൾക്കുള്ള ശിക്ഷ മൂന്ന് മണിക്ക് വിധിക്കും. 

Related Articles

Back to top button