‘മനോരോഗികള്‍ക്ക് അതൊന്നും പോര, കരയണം, തൊണ്ടയിടറണം; കാരണം അവര്‍ പെണ്ണല്ലേ’…

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. ‘ആരതിയെ അവഹേളിക്കുന്ന സമൂഹത്തിന് മാപ്പില്ല, ഇത് മറ്റൊരുതരം തീവ്രവാദമാണ്’ എന്നാണ് മഞ്ജുവാണി പറയുന്നത്. ഈ വിമര്‍ശിക്കുന്നവര്‍ ഒരു നിമിഷം ആരതിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ എന്നൊന്ന് സങ്കല്‍പ്പിച്ച് നോക്കിയിട്ടുണ്ടോ എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ മഞ്ജുവാണി ചോദിച്ചു.

Oplus_131072

മഞ്ജു റാണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

‘നമുക്കു ചുറ്റും മനോരോഗികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. സ്ത്രീയെന്നോ പുരുഷനെന്നോ ഒരു വ്യത്യാസവുമില്ല. പഹല്‍ഗാമില്‍ വെടിയേറ്റ് മരിച്ച മലയാളി രാമചന്ദ്രന്‍ ഒരു ധീരനായ പിതാവായിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന, ഭീകരാക്രമണത്തിന്റെ ട്രോമയില്‍ നിന്ന് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന, മകള്‍ ആരതി തന്നെ ഉദാഹരണം. എത്ര ധീരമായിട്ടാണ് ആ പെണ്‍കുട്ടി താന്‍ നേരിട്ട് അവസ്ഥയെക്കുറിച്ചും, എടുത്ത തീരുമാനങ്ങളെക്കുറിച്ചും പതറാതെ സംസാരിക്കുന്നത്. തമാശ അതല്ല, ഈ പെണ്‍കുട്ടിയെ വിമര്‍ശിക്കുന്നതില്‍ നല്ലൊരു പങ്ക് സ്ത്രീകള്‍ ആണെന്നുള്ളതാണ്, അതും ചെറുപ്പകാരികള്‍.

എന്തോ ഒന്ന് ചോദിക്കുന്നു, അറിയില്ല എന്ന് പറയുന്നു, പോയിന്റ് ബ്ലാങ്കില്‍ തലയിലേക്ക് തോക്കിന്റെ കുഴല്‍ ചേര്‍ത്തുവച്ച് കാഞ്ചി വലിക്കുന്നു, കൊല്ലുന്നു. പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചാല്‍ ജീവന്‍ അവശേഷിക്കും എന്ന് ചിന്തിക്കാന്‍ മാത്രം വിഡ്ഢി അല്ല ആ പെണ്‍കുട്ടി എന്ന് അവളുടെ സംസാരത്തില്‍ നിന്ന് തന്നെ മനസ്സിലാവും. ഈ വിമര്‍ശിക്കുന്നവര്‍ ഒരു നിമിഷം ആരതിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ എന്നൊന്ന് സങ്കല്‍പ്പിച്ച് നോക്കിയിട്ടുണ്ടോ?

അച്ഛനും അമ്മയും ഒക്കെയായി തന്റെ മക്കളെയും ചേര്‍ത്തുപിടിച്ച് ഉല്ലാസയാത്രയ്ക്ക് കശ്മീരിലേക്ക് പുറപ്പെട്ട ആരതിയുടെ കണ്‍മുമ്പില്‍ അച്ഛന്‍ മരിച്ചു കിടക്കുകയാണ്, തീവ്രവാദികളുടെ വെടിയേറ്റ്. തന്റെ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തണം എന്നല്ലാതെ ഒരു അമ്മയായ ആരതി മറ്റെന്താണ് ചിന്തിക്കേണ്ടിയിരുന്നത്? അവര്‍ ഉറക്കെ നിലവിളിച്ചു എന്നും മക്കളുടെ നിലവിളി കേട്ടപ്പോഴാണ് അച്ഛന്‍ പറഞ്ഞു തന്നിട്ടുള്ള കാര്യം ഓര്‍ത്ത് പാനിക് ആവാതെ ഇനിയെന്തുവേണമെന്ന് ചിന്തിച്ച് തീരുമാനിക്കണം എന്നവര്‍ ഉറപ്പിച്ചത് എന്നും ഒക്കെ പറയുന്നുണ്ട്.

പക്ഷേ മനോരോഗികള്‍ക്ക് അതൊന്നും പോര. കരയണം, തൊണ്ടയിടറണം, പറ്റുമെങ്കില്‍ ഒരല്പം ഭയം അഭിനയിക്കണം. കാരണം അവര്‍ പെണ്ണല്ലേ!!! സുധീരയായി തന്റെ അമ്മയെ നടന്നതൊന്നും അറിയിക്കാതെ സംരക്ഷിച്ച് വീട്ടിലേക്ക് എത്തിച്ച തന്റെ കുഞ്ഞുങ്ങള്‍ക്ക് അപകടം ഒന്നും കൂടാതെ ചേര്‍ത്തുപിടിച്ച ആ അമ്മയെ, ആ മകളെ അവഹേളിക്കുന്ന സമൂഹമേ, നിങ്ങള്‍ക്കും മാപ്പില്ല. ഇതും മറ്റൊരുതരം തീവ്രവാദം തന്നെ.’-മഞ്ജുവാണിയുടെ വാക്കുകള്‍.

Related Articles

Back to top button