ഇന്ത്യക്കാരനെ കൊന്ന് മരുഭൂമിയിൽ ഉപേക്ഷിച്ചു..രക്തം പുരണ്ട വസ്ത്രം പാതിവഴിയിൽ…സ്പോൺസർ പിടിയിലായത്..
ഇന്ത്യക്കാരനെ സ്വദേശിയായ സ്പോൺസർ കൊലപ്പെടുത്തി മരുഭൂമിയിൽ ഉപേക്ഷിച്ച കേസ് ക്രമിനിൽ കോടതി 29ന് പരിഗണിക്കും. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം കുവൈത്തിൽ നടക്കുന്നത്. ആന്ധ്രപ്രദേശ് സ്വദേശിയായ സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീരാന്‍ജുലു (38) എന്നയാളെയാണ് സ്വദേശി പൗരൻ കൊലപ്പെടുത്തി മൃതദേഹം അംഘാര സ്ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ വലിച്ചെറിഞ്ഞത്. രക്തം പുരണ്ട പ്രതിയുടെ വസ്ത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് അയൽക്കാരൻ കാണുകയും അയാൾ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിയുകയുമായിരുന്നു.
നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയുടെ വാഹനം തിരിച്ചറിഞ്ഞത്. വാഹനത്തിൽ രക്തത്തിന്റെ അംശങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ, തന്റെ വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം അംഘാര സ്ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ വലിച്ചെറിഞ്ഞ കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചു. മൃതദേഹം എവിടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട വീരാൻജുലുവിന്റെ ഭാര്യയും അതേ വീട്ടിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. ഇന്ത്യയിലെ ലക്സ് ലൂയിസ് അഭിഭാഷക ഓഫീസ് മുഖേന കുവൈത്തിലെ അൽ ദോസ്തൂർ ലേ ഫാമിലെ അഡ്വ. തലാൽ തഖിയാണ് കേസ് കൈകാര്യം ചെയ്തുവരുന്നത്