അമ്മയെ വീട്ടിൽ നിന്നിറക്കി വിട്ടപ്പോൾ ഉപദേശിച്ചത് ഇഷ്ടപ്പെട്ടില്ല.. സുഹൃത്തിനെക്കൂട്ടി ചെന്ന് അയൽക്കാരനെയും ഭാര്യയെയും…
അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ട യുവാവിനെ ചോദ്യം ചെയ്തതിലും ഉപദേശിച്ചതിലുമുള്ള വിരോധം കാരണം അയൽവാസിയെയും ഭാര്യയെയും മർദ്ദിച്ച രണ്ടുപേരെ റാന്നി പൊലീസ് പിടികൂടി. റാന്നി പുതുശ്ശേരിമല പുറത്തൂട്ട് വലിയവീട്ടിൽ പി.വി. നിധിൻ (35), റാന്നി പുതുശ്ശേരിമല അരുൺ ഭവനിൽ മുരളീധരൻ നായർ(62) എന്നിവരാണ് അറസ്റ്റിലായത്. പുതുശ്ശേരിമല അറക്കൽ പുറത്തൂട്ട് വീട്ടിൽ മനുവിനെയും ഭാര്യ സഞ്ജനയെയും എട്ടിന് രാത്രി ഏഴരയോടെയാണ് അയൽവാസികളായ പ്രതികൾ മദ്യപിച്ചെത്തി ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്
നിധിൻ നിരന്തരം മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കുണ്ടാക്കി ഇയാളുടെ അമ്മയെ ഇറക്കിവിടുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് ചോദിച്ച മനു, നിധിനെ ഉപദേശിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിൽ മദ്യപിച്ചെത്തി അസഭ്യം വിളിക്കുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. മുരളീധരൻ നായരുമായി വീട്ടിൽ അതിക്രമിച്ചു കയറിയ നിധിൻ, മനുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചു.
തടഞ്ഞ സഞ്ജനയെ ചീത്ത വിളിച്ചുകൊണ്ട് കൈയേറ്റം ചെയ്യുകയും വസ്ത്രം വലിച്ചുകീറുകയും കൈപിടിച്ച് തിരിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തു. സഞ്ജനക്ക് കൈക്ക് പരിക്കേറ്റു. സ്റ്റേഷനിലെത്തി പരാതി നൽകിയ യുവതിയുടെ മൊഴി വാങ്ങി റാന്നി പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു