നിലമ്പൂർ ടൗൺ അന്നും ഇന്നുമുള്ള വ്യത്യാസം ഇതാ, 5 കോടി മുടക്കി അടിമുടി മാറ്റം..വീണ്ടും റീലുമായി മന്ത്രി മുഹമ്മദ് റിയാസ്..
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് മുന്നേറുമ്പോൾ നിലമ്പൂര്‍ ടൗണിന്‍റെ മാറ്റം വ്യക്തമാക്കുന്ന റീലുമായി മന്ത്രി മുഹമ്മദ് റിയാസ്. നിലമ്പൂര്‍ ടൗണ്‍ അന്നും ഇന്നും എന്ന് കുറിച്ചാണ് മാറ്റത്തിന്‍റെ റീൽ മന്ത്രി പങ്കുവെച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാർ അഞ്ച് കോടി രൂപ ചിലവഴിച്ച് സൗന്ദര്യവൽക്കരണം യാഥാർഥ്യമാക്കിയ നിലമ്പൂർ ടൗൺ ആണെന്നും നിലമ്പൂരിൽ എൽഡിഎഫ് തുടരണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ജമാഅത്തെ ഇസ്ലാമി നേരത്തെ യുഡിഎഫിലെ അദൃശ്യ കക്ഷിയായിരുന്നുവെന്നും ഇന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. മതരാഷ്ട്രവാദം ഉയർത്തുന്ന പ്രസ്ഥാനവുമായി ഉള്ള ബന്ധം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണ്. യുഡിഎഫിലെ മതനിരപേക്ഷ മനസുള്ളവർ ഇത് അംഗീകരിക്കില്ല. അധികാര കൊതിയുടെ ഭാഗമായാണ് ഈ തീരുമാനം. ബിജെപിക്ക് ക്യാമ്പയിൻ ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് യുഡിഎഫ് എന്നും റിയാസ് പറഞ്ഞു.
ബിജെപിയിലെ ഒരു വിഭാഗവുമായുള്ള ധാരണയുടെ ഭാഗമാണിത്. മതധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും 2026 ൽ ഉള്ള സീറ്റ് കൂടി യുഡിഎഫിന് നഷ്ടമാകുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നു. പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയെന്നാണ് വി ഡി സതീശന്‍റെ ആരോപണം. സിപിഎം നേതാക്കളുടെ മുൻ പ്രസ്താവനകൾ ഉയർത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് വിഡി സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു