തൊഴിൽ വിസയിലെത്തി, നിയമകുരുക്കുകൾ മൂലം പിന്നീട് നാട് കണ്ടിട്ടില്ല.. 28 വർഷത്തിന് ശേഷം മടക്കം ചേതനയറ്റ ശരീരമായി..
തൊഴിൽ വിസയിൽ സൗദി അറേബ്യയിലെത്തിയ ശേഷം നിയമകുരുക്കുകൾ കാരണം ജന്മനാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന മലയാളി 28 വർഷത്തിന് ശേഷം മടങ്ങിയത് ചേതനയറ്റ ശരീരമായി. മലപ്പുറം പുൽപ്പെറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസ് (68) ആണ് ഈ ഹതഭാഗ്യൻ. മരിച്ചിട്ടും നിയമപ്രശ്നങ്ങൾ കാരണം ഒരു മാസത്തിലേറെ മോർച്ചറിയിൽ കിടക്കേണ്ടിവന്നു, നാട്ടിലേക്ക് അയക്കാനുള്ള യാത്രരേഖകൾ ശരിയാക്കാൻ.
ഒടുവിൽ വെള്ളിയാഴ്ച (മാർച്ച് 28) രാത്രി റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. 1997 സെപ്തംബറിലാണ് ഹരിദാസ് സൗദിയിലെത്തിയത്. റിയാദിലെ ബത്ഹയിൽ വിവിധ ജോലികൾ ചെയ്തു. ആദ്യത്തെ ഒരു വർഷത്തിന് ശേഷം ഇഖാമ പുതുക്കിയിട്ടില്ല. സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടി എന്ന പരാതിയിന്മേൽ സൗദി ജവാസത് (പാസ്പ്പോർട്ട് വകുപ്പ്) പിന്നീട് ‘ഹുറൂബ്’ കേസിലും ഉൾപ്പെടുത്തി. ഇഖാമ പുതുക്കാത്തതും ഹുറൂബും ഇരട്ട നിയമകുരുക്കിലാക്കി. ഇതിനിടയിൽ മൂത്ത മകൻ തൊഴിൽ വിസയിൽ സൗദിയിലെത്തിയപ്പോൾ അച്ഛനെ വന്ന് കണ്ടിരുന്നു. കഴിഞ്ഞ 28 വർഷത്തിനിടയിൽ ഹരിദാസിന് കാണാനായ ഏക കുടുംബാംഗം സ്വന്തം മകനെ മാത്രമാണ്. മകൻ പിന്നീട് സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. നിയമപ്രശ്നങ്ങൾ കാരണം ഹരിദാസിന് മകനോടൊപ്പവും പോകാനായില്ല.