നാടകസംഘം സഞ്ചരിച്ചത് വലിയ ബസുകൾക്ക് പോകാൻ കഴിയാത്ത ഇടുങ്ങിയ വഴിയിലൂടെ….വില്ലനായത്….

നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെടാൻ കാരണം ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. കണ്ണൂർ മലയാംപടിയിൽ നാടകസംഘം മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് പോയത്. വലിയ ബസ്സുകൾക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴി ആയിരുന്നു അത്. കുത്തനെ ഇറക്കവും വളവുകളും ആണ് ആ വഴിയിലുള്ളത്. ഗൂഗിൾ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. ഒൻപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button