പ്രദേശവാസിയുടെ മൊബൈലും ലാപ്ടോപ്പും പരിശോധിക്കും.. ഒരു കുടുംബത്തിലെ 4 പേ‍ർ വെന്തുമരിച്ച കേസിലെ ദുരൂഹത നീക്കാൻ പൊലീസ്..

കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാല് പേ‍ർ വെന്തുമരിച്ച കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് തുടക്കമിട്ട് അന്വേഷണ സംഘം. പ്രദേശവാസിയുടെ മൊബൈൽ ഫോണും ലാപ്ടോപും ശാസ്ത്രീയ പരിശോധനക്കായി അന്വേഷണ സംഘം ശേഖരിച്ചു. മരണത്തിനു പുറകിലെ ദുരൂഹത വ്യക്തമാകാനായി കാക്കനാട്ടെ റീജിയണൽ ലാബിലാണ് വിശദമായ പരിശോധന

കഴിഞ്ഞ മാസം 9നാണ് ഇടുക്കി കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ വീടിന് തീപിടിച്ച് വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടാവാമെന്ന പൊലീസിന്‍റെ പ്രാഥമിക നിഗമനം ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് പൂർണമായി ശരിവയ്ക്കുന്നില്ല. ഇതോടെയാണ് അപകടത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ പ്രതിഷേധം തുടങ്ങിയത്.

പിന്നാലെ ഇടുക്കി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണത്തിന് തുടക്കമിട്ടു. വിശദമായ ശാസ്ത്രീയ പരിശോധനകൾക്കായി കാക്കനാട് റീജിയണൽ ഫോറൻസിക് ലാബിലെ വിദദ്ധരുടെ സേവനം അന്വേഷണ സംഘം തേടി. കുടുംബവുമായി അടുത്ത ബന്ധമുളള ചിലരെ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തിട്ടുണ്ട്. ഇവരിൽ നിന്നുൾപ്പെടെ കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അയൽവാസികളിലൊരാളുടെ ഫോൺ, ലാപ് ടോപ് എന്നിവ ശാസ്ത്രീയ പരിശോധനക്ക് അയക്കുന്നത്

അപകടത്തിന് തൊട്ട് മുമ്പ് ആരെങ്കിലുമായി വാട്സ്ആപ്പ് മുഖേനയോ ഫോൺ വഴിയോ ശുഭയോ മറ്റോ ആശയ വിനിമയം നടത്തിയിരുന്നോ എന്നതാണ് പരിശോധിക്കുക. ഫോൺ കോൾ വിശദാംശങ്ങളും പൊലീസ് ശേഖരിക്കും. ഏതെങ്കിലും തരത്തിലുളള സമ്മർദ്ദങ്ങൾ കാരണം ജീവനൊടുക്കിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ കൊലപാതക സാധ്യത സംശയിക്കാനുളള തെളിവുകളൊന്നും കിട്ടിയിട്ടില്ലെങ്കിലും ഈ രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Related Articles

Back to top button