മിസ്റ്റർ പോഞ്ഞിക്കരയും ദശമൂലം ദാമുവും മണവാളനും… ഷാഫി മലയാളികൾക്ക് സമ്മാനിച്ചത് മരണമില്ലാത്ത കഥാപാത്രങ്ങളെ…

വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകളാണ് ഷാഫി സംവിധാനം ചെയ്തത്. എല്ലാ ചിത്രങ്ങളിലും തമാശ തന്നെയായിരുന്നു മുന്നിട്ട് നിന്നിരുന്നത്. ഷാഫി ഒരുക്കിയ കോമഡി കഥാപാത്രങ്ങൾ ഇന്നും സോഷ്യൽമീഡിയയിൽ സജീവമാണ്. ഒരുപക്ഷേ നായകനെക്കാൾ പ്രാധാന്യം കിട്ടിയ കഥാപാത്രങ്ങളായിരുന്നു ഷാഫിയുടെ സിനിമയിലെ തമാശക്കാർ. അതെ, ഷാഫി ഒരുക്കിയ ചിരികഥാപാത്രങ്ങളെല്ലാം ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്.

ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളിലാണ് കോമഡി വര്‍ക്ക് ആവുന്നതെന്ന് ഏറ്റവും നന്നായി അറിയുന്ന സംവിധായകനായിരുന്നു ഷാഫി. അതുകൊണ്ടുതന്നെ റാഫി മെക്കാര്‍ട്ടിനും ബെന്നി പി നായരമ്പലവും ഉദയകൃഷ്ണയും സിബി കെ തോമസും അടക്കമുള്ളവര്‍ ഷാഫിക്കുവേണ്ടി എഴുതിയ തിരക്കഥകളില്‍ അത്തരത്തിലുള്ള നിരവധി രസികന്‍ കഥാപാത്രങ്ങളും ഉണ്ടായിരുന്നു.

ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് ഏത് ടാസ്കും ഒറ്റയ്ക്ക് ഏറ്റെടുത്ത് എപ്പോഴും പരാജയപ്പെടാറുള്ള മിസ്റ്റര്‍ പോഞ്ഞിക്കരയെയും (കല്യാണരാമന്‍) നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന സ്രാങ്കിനെയും (മായാവി) ഭയം അനുഭവിച്ച് ചിരി വിതറിയ ദശമൂലം ദാമുവിനെയും (ചട്ടമ്പിനാട്) ഫൈനാന്‍ഷ്യറായ മണവാളനെയുമൊന്നും (പുലിവാല്‍ കല്യാണം) മലയാളികൾക്ക് ചിന്താശേഷിയുള്ളിടത്തോളം കാലം മറക്കാൻ കഴിയില്ല.

കാലം ചെന്നപ്പോള്‍ അതാത് സിനിമകളിലെ നായകന്മാരേക്കാള്‍ പ്രേക്ഷകര്‍ ആഘോഷിച്ചത് ഈ കഥാപാത്രങ്ങളെയാണെന്നതും കൗതുകകരം. സിനിമകളുടെ മൊത്തം കഥയേക്കാള്‍ എപ്പിസോഡ് സ്വഭാവത്തില്‍ സിറ്റ്വേഷനുകള്‍ അടര്‍ത്തിയെടുത്താലും, ചിരിക്കാന്‍ ആവോളമുണ്ടാവും എന്നതായിരുന്നു ഷാഫി അടക്കമുള്ള സംവിധായകരുടെ സിനിമകളിലെ പ്രത്യേകത. ഈ കഥാപാത്രങ്ങള്‍ക്കൊപ്പം സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ മലയാളി നിത്യജീവിതത്തില്‍ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തളരരുത് രാമന്‍കുട്ടീ എന്നും എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗം തന്നെയായി മാറി. ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി വിടവാങ്ങുന്നത്.

Related Articles

Back to top button