KSFE ചിട്ടിക്കായി വസ്തു ഈട് നൽകാൻ വരട്ടെ… മാവേലിക്കരയിൽ KSFE ഓഫീസ് ഉപരോധിച്ചു…. കാരണം വിദ്യാഭ്യാസ ലോണിനായി വസ്തു വിട്ടുനല്‍കിയില്ല…..
മാവേലിക്കര: KSFE ചിട്ടിക്കായി ഈടുവച്ച വസ്തുക്കളില്‍ ഒന്ന് വിദ്യാഭ്യാസ ലോണിന്റെ ആവശ്യത്തിനായി തിരികെ നല്‍കാതെ ചെറുകോല്‍ സ്വദേശിനിയെ ഒരു മാസത്തോളം ഓഫീസ് കയറി ഇറക്കി നടത്തിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.എഫ്.ഇ മെയിന്‍ ബ്രാഞ്ച് ഉപരോധിച്ചു. വിദ്യാഭ്യാസ ലോണിന്റെ ആവശ്യത്തിന് നൽകാനാണ് ചെറുകോൽ സ്വദേശിനി, ചിട്ടിക്ക് ജാമ്യമായി വച്ചിരുന്ന വസ്തുക്കളില്‍ ഒന്ന് തിരികെ നല്‍കണമെന്ന് കെ.എസ്.എഫ്.ഇയില്‍ ആവശ്യപ്പെട്ടത്.
മൂല്യമനുസരിച്ച് രണ്ടു വസ്തുക്കള്‍ ചിട്ടിതുകയ്ക്ക് പര്യാപ്തമാകുമെന്നും ഒന്ന് തിരികി നല്‍കാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. 29 ലക്ഷം രൂപ അടച്ചാല്‍ മൂന്ന് വസ്തുക്കളില്‍ ഒന്ന് ബാധ്യതയില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് കെ.എസ്.എഫ്.ഇ അധികൃതര്‍ ഇവരോട് പറഞ്ഞു. എന്നാല്‍ തുക അടച്ചശേഷം മാവേലിക്കര മെയിന്‍ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോള്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ക്കായി ഡി.ജി.എം റിക്കവറിയുടെ അനുമതി ലഭിക്കണമെന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ ഡിജിഎം റിക്കവറിയെ സമീപിച്ചു. അവരും രേഖകള്‍ തിരികെ നല്‍കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ മെയിന്‍ ബ്രാഞ്ചിലേക്ക് മേല്‍ അധികാരികളില്‍ നിന്നും വന്ന കത്തില്‍, വസ്തു ഒഴിവാക്കി കൊടുക്കാന്‍ സാധിക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ബ്രാഞ്ച് അധികൃതര്‍ പറയുന്നു.
ഇതിനെ തുടര്‍ന്ന് ഇവര്‍ പരാതിയുമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയെ സമീപിക്കുകയായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് കെ.എസ്.എഫ്.ഇ മേല്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വസ്തു വിട്ടുനല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നിട്ടും തീരുമാനം ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആര്‍.മുരളീധരന്‍, അനി വര്‍ഗീസ്, റ്റി.കൃഷ്ണകുമാരി, സജീവ് പ്രായിക്കര എന്നിവരുടെ നേതൃത്വത്തിൽ മെയിൻ ബ്രാഞ്ച് മാനേജറെ വൈകിട്ട് നാല് മണിയോടെ ഉപരോധിച്ചു. തുടർന്ന് പൊലീസ് എത്തുകയും ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 9 മണിയോടെ വസ്തു ഒഴിവാക്കികൊണ്ടുള്ള ഉത്തരവ് നൽകുകയായിരുന്നു ഇതിന് ശേഷമാണ് സമരം അവസാനിച്ചത്. മനസ് രാജന്‍, മാത്യു കണ്ടത്തില്‍, എന്‍.മോഹന്‍ദാസ്, ഉമ ഇടശേരില്‍, ശാന്തി തോമസ്, തോമസ് ജോണ്‍ എന്നിവർ സമരത്തിന് നേതൃത്വം നൽകി.