മെഡിക്കൽ കോളജിന് പിന്നാലെ പുതിയ സ്റ്റാൻഡിലും… കോഴിക്കോട്ട് തുടർക്കഥയാകുന്ന തീപിടിത്തം… ദൗത്യം നീണ്ടത് ആറ് മണിക്കൂർ…

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വൻ തീപിടുത്തം നിയന്ത്രണവിധേയം. ആറ് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ദൗത്യത്തിൽ പാളിച്ചയില്ലെന്നും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബസ് സ്റ്റാൻഡ് ഗോഡൗണിലെ തുണി ഗോഡൗണിലെ തീ ഇപ്പോഴും പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. ദൗത്യം തുടരുമെന്ന് മന്ത്രി അറിയിച്ചു.മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗത്തിൽ തീപടർന്നതിന്റെ നടുക്കം വിട്ടുമാറും മുൻപാണ് കോഴിക്കോട് നഗരത്തെയാകെ നടുക്കി പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുന്നത്.

രണ്ടാഴ്ച മുൻപ് മേയ് നാലിനായിരുന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ഇതിനു മുൻപ് മിഠായിത്തെരുവിൽ അടിയ്ക്കടി തീപിടിത്തമുണ്ടാകുന്നത് പലപ്പോഴും നഗരത്തിനെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിട്ടുണ്ട് .ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജ് മൂലം സിപിയു യൂണിറ്റിൽ തീപിടിച്ചതുകൊണ്ടാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ബാറ്ററി സൂക്ഷിച്ച മുറിയിൽനിന്നാണു കെട്ടിടത്തിൽ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീർത്തതായിരുന്നു ഷോർട്ടേജിനു കാരണം. ഇതു പൊട്ടിത്തെറിക്കുകയും തീ മറ്റു ബാറ്ററികളിലേക്ക് പടർന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം, ബസ് സ്റ്റാൻഡിനു സമീപമുണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആളപായം ഇല്ലെങ്കിലും നിരവധി വ്യാപാര സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന കോഴിക്കോട് നഗരത്തെ സംബന്ധിച്ച് തീപിടിത്തങ്ങൾ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈൽസിന്റെ ഗോഡൗൺ അടക്കം കത്തിനശിച്ചു. സ്‌കൂൾ തുറക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടത്തില്‍ സുരക്ഷാസംവിധാനങ്ങളുണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ടുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button