കോലി – രോഹിത് സഖ്യത്തിന് വെറും 1 റൺ അകലെ നഷ്ടമാകുന്നത് ചരിത്ര നേട്ടം…
കളിക്കളത്തിനകത്തും പുറത്തും പരസ്പരം വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മ്മയും. നിരവധി മത്സരങ്ങളിൽ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ, രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കോലി-രോഹിത് സഖ്യത്തിന് വെറും 1 റൺ അകലെ ചരിത്ര നേട്ടമാണ് നഷ്ടമാകുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) 1,000 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ താരങ്ങള്‍ ആരുമില്ല. കോലി – രോഹിത് സഖ്യം ഏകദിന മത്സരങ്ങളിൽ 5,315 റൺസും ടി20 മത്സരങ്ങളിൽ 1,350 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത് 999 റൺസാണ്. 1 റൺ കൂടി നേടാനായിരുന്നെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോര്‍മാറ്റിലും ആദ്യമായി 1,000 റൺസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന താരങ്ങളായി രോഹിത് ശര്‍മ്മയും വിരാട് കോലിയും മാറുമായിരുന്നു.